Wednesday, February 23, 2011

മാറാത്ത `വിദ്യാഭാസം'

മാറുന്ന വിദ്യാഭ്യാസം
ലേഖനങ്ങള്‍
എഡി:എ കെ അബ്ദുല്‍ ഹകീം
ഒലിവ് ബുക്സ്,കോഴിക്കോട് 

കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഒരു ഈജിയന്‍ തൊഴുത്താണ്‌. അത്‌ വൃത്തിയാക്കാന്‍ തുനിഞ്ഞവരെല്ലാം ചേറില്‍ കുഴഞ്ഞ്‌ സ്വയം വൃത്തിഹീനമായ അനുഭവമാണ്‌ കഴിഞ്ഞ കുറേ ദശാബ്‌ദങ്ങളായി നാം കണ്ടുെകാണ്ടിരിക്കുന്നത്‌. നൂറു ശതമാനത്തിനടുത്ത്‌ സാക്ഷരതാ ശതമാനം എത്തിനില്‍ക്കുകയും പൊതുവിദ്യാലയ പ്രവേശനനിരക്കില്‍ രാജ്യത്ത്‌ തന്നെ ഏറ്റവും മുന്‍പന്തിയില്‍ എത്തിച്ചേരുകയും വികസന സൂചികകളില്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്‌ത കേരളം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെയും വിദ്യാര്‍ജിത നേട്ടങ്ങളുടെയും കാര്യത്തില്‍ പിറകോട്ടടിക്കുന്നതിന്റെ കാരണമെന്താണ്‌? വിചിത്രമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ എ കെ അബ്‌ദുല്‍ ഹക്കീം എഡിറ്റു ചെയ്‌ത `മാറുന്ന വിദ്യാഭ്യാസം' എന്ന പുസ്‌തകം.
കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌. നാട്ടുരാജാക്കന്മാരുടെ കാലത്തു തന്നെ അസംഘടിതമായ നിലയില്‍ വിദ്യാഭ്യാസ സംവിധാനം നിലനിന്നിരുന്നു. പ്രധാനമായും പാരമ്പര്യാധിഷ്‌ഠിതമായിരുന്നു അത്‌. ജാത്യാധിഷ്‌ഠിത കുടുംബ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദിമരൂപം. മതപരമായ ഒരനുഷ്‌ഠാനം പോലെ പരമ്പരാഗതമായി അറിവും കഴിവും കൈമാറ്റം ചെയ്യപ്പെടുകയാണ്‌ അതിലൂടെ. ചില ഘട്ടങ്ങളില്‍ ശ്ലോകങ്ങളായും സൂക്തങ്ങളായും താളിയോലകളില്‍ അവ ആലേഖനം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. വൈദ്യശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ജ്യോതിഷം, കൃഷി തുടങ്ങിയ വിജ്ഞാനമണ്ഡലങ്ങളില്‍ അനേകം അറിവുകള്‍ ഇവ്വിധം സമാഹരിക്കപ്പെടുകയുണ്ടായി. പിന്നീട്‌ അവ ആഢ്യഗൃഹങ്ങളിലും പള്ളിക്കൂടങ്ങളിലും പഠനത്തിനായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ വിജ്ഞാനക്കൈമാറ്റം എന്നതിനപ്പുറം വിജ്ഞാന വളര്‍ച്ചയ്‌ക്ക്‌ ഒട്ടും സഹായകരമായിരുന്നില്ല എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രധാന പരിമിതി. മാത്രമല്ല, ഗുരു വിമര്‍ശനാതീതനായി കരുതപ്പെട്ടതിനാല്‍ അന്വേഷണങ്ങള്‍ തടസ്സപ്പെട്ടു. ശാസ്‌ത്രങ്ങളും വിജ്ഞാനങ്ങളും കാലങ്ങളോളം മാറ്റമില്ലാതെ നിലനിന്നുവെന്നല്ലാതെ, അതിന്റെ അടിസ്ഥാനയുക്തികളിലേക്ക്‌ പഠിതാവിനെ നയിക്കാന്‍ ആദിമ സമ്പ്രദായം അശക്തമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ വന്ന കത്തോലിക്കാ മിഷനറിമാരാണ്‌ ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കിയത്‌. അവര്‍ വിദ്യാഭ്യാസ വിതരണത്തില്‍ വിപ്ലവമുണ്ടാക്കി. പക്ഷെ, വിദ്യാഭ്യാസത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌ സൈന്യത്തിന്റെയും കച്ചവട സമൂഹത്തിന്റെയും സഹായത്തോടെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു.
കേരള സംസ്ഥാനരൂപീകരണത്തിനു മുമ്പും തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളില്‍ മത-സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തില്‍ നിലവിലിരുന്ന ഫ്യൂഡല്‍-ജാതീയ വ്യവസ്ഥകളെ വിദ്യാഭ്യാസത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമെന്ന്‌ അവര്‍ കണക്കു കൂട്ടി. നാരായണഗുരു, അയ്യങ്കാളി, വി ടി ഭട്ടതിരിപ്പാട്‌, മന്നത്ത്‌ പത്മനാഭന്‍, സയ്യിദ്‌ സനാഉള്ള മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അവിസ്‌മരണീയ നാമങ്ങളാണ്‌. മിഷനറിയെയും സമുദായ നേതാക്കളെയും പോലെ രാഘവയ്യ, സര്‍ സി പി രാമസ്വാമി അയ്യര്‍ തുടങ്ങിയ നാട്ടു രാജാക്കളും വിദ്യാഭ്യാസ കാര്യത്തില്‍ താല്‍പര്യം കാട്ടിയിരുന്നു. സമുദായ സംഘടനകള്‍ ആരംഭിച്ച വിദ്യാലയങ്ങള്‍ക്കും അവര്‍ ഗ്രാന്റു നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. മത സാമുദായിക സംഘടനകള്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ സാമൂഹിക നീതിയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചു എന്നതും ശ്രദ്ധേയമാണ്‌. 1957 ല്‍ മുണ്ടശ്ശേരി കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിലൂടെയാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസ അടിത്തറ ഭദ്രമാകുന്നത്‌. അതുവഴി സാര്‍വത്രികവും സൗജന്യവുമായ പ്രഥമിക വിദ്യാഭ്യാസം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഭക്ഷണവും പുസ്‌തകങ്ങളും വസ്‌ത്രവും, അധ്യാപകരുടെ അവകാശ സംരക്ഷണം, മാനേജുമെന്റുകള്‍ക്കു മേല്‍ നിയന്ത്രണം, സാമൂഹിക നീതി തുടങ്ങിയവ നിയമത്തിലൂടെ ഉറപ്പാക്കി.
കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെയും വികസനത്തിന്റെയും അടിത്തറയായിത്തീരാന്‍ മാത്രം ശക്തമായ വിദ്യാഭ്യാസ രംഗത്തെ ഈ കെട്ടുറപ്പ്‌, കേരളപ്പിറവിക്കുശേഷം തകര്‍ന്നടിയുകയായിരുന്നുവെന്നാണ്‌ കാണാനാവുന്നത്‌. ദേശീയ തലത്തില്‍ തന്നെ സ്വാതന്ത്ര്യലബ്‌ധിയുടെ ആദ്യഘട്ടത്തില്‍ അക്കാദമിക മികവിലും മത്സര പരീക്ഷകളിലും മുന്‍നിരയില്‍ നിന്ന മലയാളികള്‍ പിന്നീട്‌ ദയനീയമായ താഴ്‌ചകളിലേക്ക്‌ കൂപ്പുകുത്തിത്തുടങ്ങി. സമീപകാലത്താണെങ്കില്‍ സാമൂഹിക നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലം പരാജയപ്പെട്ടുകൊണ്ടിരുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ഥി, അതിജീവനത്തിനുള്ള ഒരു നൈപുണിയും ആര്‍ജിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം.
ഈ വസ്‌തുതകള്‍ മുഖവിലക്കെടുത്താല്‍, ബ്രിട്ടീഷ്‌ കാലത്ത്‌ മെക്കാളെ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴും നാം പിന്തുടരുന്നത്‌ എന്ന നിഗമനത്തിലാണ്‌ എത്തിച്ചേരുന്നത്‌. കേവലം `ക്ലാര്‍ക്കു'മാരെ സൃഷ്‌ടിക്കാനുള്ള ഏര്‍പ്പാടായി, വിദ്യാഭ്യാസം തരംതാണു. ഒരു മികച്ച `ക്ലാര്‍ക്കി'നെപ്പോലും സൃഷ്‌ടിക്കാന്‍ ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലെന്ന്‌ കരു തുന്നതാവും കൂടുതല്‍ ശരി.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ദുരവസ്ഥയെക്കുറിച്ച്‌ ഏറെക്കുറെ ഇന്ന്‌ എല്ലാവരും ബോധവാന്മാരാണ്‌. പക്ഷെ, `പൂച്ചക്ക്‌ ആര്‌ മണികെട്ടും' എന്നതാണ്‌ പ്രശ്‌നം. നേരത്തെ വിദ്യാഭ്യാസ രംഗത്ത്‌ വന്‍ സംഭാവ നകളര്‍പ്പിച്ച മതസാമുദായിക പ്രസ്ഥാനങ്ങളില്‍ പലതും വിദ്യാഭ്യാസത്തെ കച്ചവട ഉപാധികളാക്കി. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളെ സ്വാധീനിച്ച്‌ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖല കൈപ്പിടിയിലൊതുക്കുകയും ചെയ്‌തു. അതിനാല്‍ വിവിധ ഏജന്‍സികളും കമ്മീഷനുകളുമൊക്കെ പലപ്പോഴായി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ മാറ്റങ്ങള്‍ ഏടുകളില്‍ വിശ്രമിക്കുന്നു. കേരളത്തിലെ സംഘടിത അധ്യാപക സമൂഹവും മാറ്റത്തോട്‌ മുഖം തിരിച്ച ്‌, തങ്ങളുടെ തൊഴില്‍ സൗകര്യങ്ങളെ പോറലേല്‍പിക്കുന്ന ഒരു ചലനവും അനുവദിക്കില്ലെന്ന ധാര്‍ഷ്‌ട്യത്തില്‍ വഴിമുടക്കുകയാണ്‌. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഭേദമില്ലെന്നതാണ്‌ കൗതുകകരം.
കേരളം അകപ്പെട്ട ഈ ഗുരുതുരമായ പ്രതിസന്ധിയുടെ ചുരുളഴിക്കുകയാണ്‌. `മാറുന്ന വിദ്യാഭ്യാസം' എന്ന കൃതി. ചരിത്രവസ്‌തുതകളും വര്‍ത്തമാന അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠകളും ചേര്‍ത്തുവെച്ച നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തെ സംവാദ വിധേയമാക്കുന്ന ഇരുപത്തി ഒന്ന്‌ ലേഖ നങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖകരെയും വിഷയങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ എഡിറ്റര്‍ കാണിച്ച ശ്രദ്ധ, പുസ്‌തകത്തെ അനന്യമാക്കുന്നു. ഒരേ സമയം വിദ്യാഭ്യാസത്തിന്റെ ദര്‍ശനം, രീതീശാസ്‌ത്രം, രാഷ്‌ട്രീയം തുടങ്ങിയ തലങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പുസ്‌തകം ഉന്നയിക്കുന്നുണ്ട്‌. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രവും സമകാലിക സമസ്യകളും പരിശോധിക്കുന്ന ഈ പുസ്‌തകം വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും നിര്‍ബന്ധമായി വായിച്ചിരിക്കണം.

Thursday, February 10, 2011

മുസ്‌ലിം നവോത്ഥാനം പുതുവായനകള്‍ക്കിടയില്‍



പുസ്‌തകപരിചയം -ഡോ. ടി ജമാല്‍ മുഹമ്മദ്‌

ലോകത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച നവോത്ഥാന പ്രക്രിയയുടെ ആരംഭത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു തീയതി നിശ്ചയിക്കാന്‍ കഴിയുകയില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന്റെ ആരംഭം കുറിച്ചത്‌ ഇറ്റാലിയന്‍ ഭാഷയില്‍ ദാന്തയുടെ ഡിവൈന്‍ കോമഡി എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണത്തോടു കൂടിയായിരുന്നു.അത്‌ ഉയര്‍ത്തിയ പുതിയ ഉണര്‍വ്‌ യൂറോപ്പിലാകെ പടര്‍ന്നുപിടിച്ചു. എന്നാല്‍ യൂറോപ്പില്‍ നിന്നാണ്‌ നവോത്ഥാനം ആരംഭിച്ചത്‌ എന്ന വാദഗതി അടിസ്ഥാന രഹിതമാണ്‌. കാരണം, യൂറോപ്പില്‍ ഉണ്ടായതായി പറയപ്പെടുന്ന നവോത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ നിര്‍ണായകമായ ചില പ്രദേശങ്ങള്‍ അറബികളുടെ ആധിപത്യത്തിലായിരുന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രമായിരുന്നു. സ്‌പെയിനിലെ കൊര്‍ദോവ നഗരത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതിന്‌ മുസ്‌ലിംകളുടെ ഭാഗത്തു നിന്നുള്ള സംഭാവനയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. യൂറോപ്പ്‌ അന്ധകാരത്തിലാണ്ടു കിടന്നിരുന്ന കാലത്ത്‌ അവിടെയൊക്കെ സാംസ്‌കാരിക കിരണങ്ങള്‍ പടര്‍ത്തിയത്‌ മഹത്തായ കൊര്‍ദോവാ നഗരമാണ്‌. പില്‍ക്കാലത്ത്‌ യൂറോപ്യന്‍ വൈജ്ഞാനിക സമ്പത്തിന്റെ നിറകുടമായിത്തീര്‍ന്ന അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും സോക്രട്ടീസിന്റെയും ആശയ പ്രപഞ്ചം അറബി ഭാഷയിലൂടെയാണെത്തിയത്‌. ഗ്രീക്ക്‌ സാഹിത്യവും ചിന്തയും അറബി ഭാഷ വഴിയാണ്‌ യൂറോപ്പിലെ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കടന്നത്‌.
പതിനെട്ടാം നൂറ്റാണ്ടിലാണ്‌ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ വിതറപ്പെട്ടത്‌ എന്നാണ്‌ പൊതുവായ ധാരണ. ഈ ധാരണയും സൂക്ഷ്‌മ വിശകലനത്തില്‍ ശരിയല്ല. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭക്തിപ്രസ്ഥാനം നവോത്ഥാനത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ വരുന്നതിന്‌ മുമ്പു തന്നെ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഗുജറാത്തിലെ സ്വാമി നാരായണന്‍, ഒറീസ്സയിലെ മഹിമാ ഹോസായി എന്നിവര്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷ അറിയില്ലെങ്കില്‍ പോലും സാമൂഹിക പുരോഗതിക്ക്‌ ഉതകുന്ന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞു. കേരളത്തില്‍ വൈകുണ്‌ഠ സ്വാമിയും ശ്രീനാരാണ ഗുരുവും ചട്ടമ്പി സ്വാമികളും നവോത്ഥാനത്തിന്റെ തുടക്കം കുറിച്ചത്‌ യൂറോപ്യന്‍ സംസ്‌കാരത്തില്‍ നിന്നും കടമെടുത്തുകൊണ്ടായിരുന്നില്ല.
1891ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്‌ സമര്‍പ്പിച്ച `മലയാളി മെമ്മോറിയല്‍' കേരള ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്‌. തിരുവിതാംകൂറില്‍ അഭ്യസ്‌തവിദ്യരായ നാട്ടുകാര്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ബ്രാഹ്‌മണരെ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള ജനകീയ പ്രതിരോധ സമരമായിരുന്നു അത്‌. കേരളത്തിലെ പ്രഥമ ബഹുജന പ്രക്ഷോഭം എന്ന്‌ അതിനെ വിളിക്കാവുന്നതാണ്‌. 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്‌ ഒരു ശിവപ്രതിഷ്‌ഠ നടത്തിയതോടു കൂടി മതപരമായ ഒരു വിപ്ലവ ചിന്താഗതി ഉടലെടുക്കുകയായിരുന്നു. സവര്‍ണ വിഭാഗങ്ങളില്‍ പെട്ടവരുടെ ഇടയിലും നവോത്ഥാനത്തിന്റെ ചലനങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഒ ചന്തുമേനോന്റെ ഇന്ദുലേഖയിലും വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്ന നാടകത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിഞ്ഞു. പുലയ സമുദായത്തിലെ അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ടാണ്‌ അധകൃതരുടെ ഉന്നമനത്തിനായി ശ്രമിച്ചത്‌.
ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച്‌ നാം വിലയിരുത്തേണ്ടത്‌. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനത്തെ മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലല്ലോ. ക്രിസ്‌തുമതത്തിലും ഹിന്ദുമതത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന പ്രക്രിയ ആ മതങ്ങളിലുള്ള ആശയപരമായ ഭിന്നതകളെ എതിര്‍ത്തു തോല്‌പിക്കാന്‍ മത നേതാക്കന്മാര്‍ മുന്നോട്ട്‌ വന്നതിലൂടെയാണാരംഭിച്ചത്‌. പുരോഹിതന്മാര്‍ക്കും സഭയ്‌ക്കും എതിരെയുള്ള സ്വതന്ത്രമായ ചിന്ത ഉയര്‍ത്തിക്കൊണ്ടുവരാനാണ്‌ അവര്‍ ശ്രമിച്ചത്‌. എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുള്ള നവോത്ഥാനത്തെ രേഖപ്പെടുത്താന്‍ ഉപയോഗിച്ച ആശയം `ഇസ്‌ലാഹ്‌' എന്ന പദത്തിലുള്‍ക്കൊള്ളിക്കാന്‍ കഴിയും. `നവോത്ഥാനം' എന്ന ആശയത്തിന്‌ നാം കല്‌പിക്കുന്ന അര്‍ഥത്തെയല്ല അത്‌ വെളിവാക്കുന്നത്‌. മതത്തെ പരിഷ്‌കരിക്കുകയല്ല അതില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെ ഇല്ലാതാക്കുകയെന്നുള്ളതാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. ഈ ആശയം എത്രമാത്രം പ്രായോഗികമായി കേരള ചരിത്രത്തില്‍ പ്രചരിപ്പിക്കപ്പെടുകയും പരിവര്‍ത്തനങ്ങള്‍ക്ക്‌ കാരണമായിത്തീരുകയും ചെയ്‌തു എന്നുള്ള വസ്‌തുതകളെ വിശദീകരിച്ചുകൊണ്ട്‌ രചിച്ചിരിക്കുന്ന ഗ്രന്ഥമാണ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെ മുസ്‌ലിം നവോത്ഥാനവും ആധുനികതയും.
മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബ്‌ അറേബ്യയിലാരംഭിച്ച നവോത്ഥാന പ്രക്രിയ കേരളത്തില്‍ എങ്ങനെ പ്രയോഗിക്കപ്പെട്ടു എന്നും കേരളീയ പശ്ചാത്തലത്തില്‍ അതിന്റെ പ്രവര്‍ത്തനരീതി എങ്ങനെ വ്യത്യസ്‌തമായി എന്നും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമ പുരുഷനായി പരിഗണിക്കപ്പെടുന്ന വക്കം മൗലവിയെ അറേബ്യയിലെ ആശയങ്ങളെക്കാള്‍ കൂടുതല്‍ സ്വാധീനിച്ചത്‌ ഈജിപ്‌തിലെ ആശയങ്ങളായിരുന്നു. മാത്രമല്ല, കേരളത്തിലെ മറ്റ്‌ സമുദായങ്ങളില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളും കേരളത്തിന്റെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രചോദന ഘടകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്‌. കേരളത്തിലെ മുസ്‌ലിംകള്‍ ഖുര്‍ആനും നബിചര്യയും അംഗീകരിക്കുന്നവരായിരുന്നു.
എന്നാല്‍ പുരോഹിതന്മാര്‍ അടിസ്ഥാന പ്രമാണങ്ങളുടെ കാര്യത്തില്‍ അവരെ തെറ്റായ ദിശയിലേക്ക്‌ നയിച്ചു എന്നതാണ്‌ വസ്‌തുത. മതത്തിന്റെ മൗലിക പ്രമാണങ്ങളെ അമിതമായി ദിവ്യവല്‍കരിച്ച്‌ സാധാരണ ജനങ്ങള്‍ക്ക്‌ അപ്രാപ്യമാക്കുകയും ദുര്‍വ്യാഖ്യാനങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയുമാണ്‌ പുരോഹിതന്മാര്‍ ചെയ്‌തത്‌. അവരില്‍ നിന്നും മതവിശ്വാസികളെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. മതത്തിന്റെ മേല്‍വിലാസമുള്ള ദുരിതാവസ്ഥയെ ഇല്ലാതാക്കി മതത്തെ സംശുദ്ധമാക്കുക എന്ന അര്‍ഥത്തിലാണ്‌ മുസ്‌ലിം നവോത്ഥാനം പ്രവര്‍ത്തനക്ഷമമായത്‌. ഈ സത്യത്തെ വിസ്‌മരിച്ചുകൊണ്ട്‌, മതത്തെ നവീകരിക്കുകയാണ്‌ കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം ചെയ്‌തതെന്ന ദുര്‍വ്യാഖ്യാനമാണ്‌ സമീപ കാലത്ത്‌ ഉയര്‍ന്നുവന്നത്‌. ഈ ആശയത്തെ ഖണ്ഡിച്ചുകൊണ്ടാണ്‌ ഗ്രന്ഥകാരന്‍ തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്‌.
ഈജിപ്‌തിലെ റശീദ്‌ രിദ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനത്തിന്‌ നല്‌കിയ സംഭാവനകള്‍ അദ്വിതീയമാണ്‌. അദ്ദേഹത്തിന്റെ ആശയങ്ങളിലും സമീപനരീതിയിലും ആകൃഷ്‌ടനായാണ്‌ വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവി കേരളത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്‌. റശീദ്‌ രിദയുടെ അല്‍മനാര്‍ എന്ന പ്രസിദ്ധീകരണത്തോട്‌ വക്കം മൗലവിക്കുണ്ടായിരുന്ന കടപ്പാട്‌ അദ്ദേഹം ഒരു കത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ താത്വികമായ അടിത്തറ രൂപപ്പെടുത്തിയത്‌ അല്‍മനാര്‍ ആയിരുന്നുവെന്നുള്ളത്‌ വ്യക്തമാണ്‌.
നവോത്ഥാനവും സാമ്രാജ്യ വിരുദ്ധ മനോഭാവവും തമ്മിലുള്ള ബന്ധത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട്‌ മറ്റൊരധ്യായത്തില്‍. 1921ലെ മലബാര്‍ സമരത്തോടനുബന്ധിച്ചാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷ്‌ വിരുദ്ധരായത്‌. എന്നാല്‍ ഈ സാമ്രാജ്യവിരുദ്ധതയുടെ മറവില്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ സമുദായത്തെ പുറകോട്ട്‌ വലിക്കുന്ന പ്രവണത ശക്തിപ്പെടുത്തി. കൊളോണിയല്‍ ആധുനികത ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ വിശദമായി വിശകലനം ചെയ്യുന്നുണ്ട്‌. വികാരപരമായ അഭിമുഖീകരണമല്ല സാമ്രാജ്യത്വത്തോടുള്ള സമീപനത്തില്‍ സ്വീകരിക്കേണ്ടത്‌. നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം വിവേകപൂര്‍ണമായ ചെറുത്തുനില്‌പിന്‌ തയ്യാറാകുകയാണ്‌ വേണ്ടത്‌.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിലൂടെ പ്രകടമായത്‌ ഇസ്‌ലാമിക തനിമാവാദം എന്ന ആശയമാണ്‌. ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപത്തിലേക്കും ഭാവത്തിലേക്കും എത്തിച്ചേരുകയെന്നുള്ളതാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. എന്നാല്‍ ഈ സമീപനത്തെ ഇസ്‌ലാമിക മതമൗലിക വാദത്തിലേക്കുള്ള തിരിച്ചുപോക്ക്‌ എന്നാണ്‌ ചിലര്‍ വിശദീകരിക്കുന്നത്‌. ഇസ്‌ലാമിനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, കള്‍ച്ചറല്‍ ഇസ്‌ലാം എന്നിങ്ങനെ തരംതിരിച്ച്‌, പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ നിന്നും ഭീകരതയും തീവ്രവാദവും ഉടലെടുക്കുന്നുവെന്ന വിമര്‍ശനവും നിലവിലുണ്ട്‌. മതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളണമെന്നാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണം.
രാഷ്‌ട്രീയവും സാമ്പത്തികവുമായ എല്ലാ പ്രശ്‌നങ്ങളോടും പ്രായോഗികമായ ഒരു സമീപനം അത്‌ നല്‌കുന്നു. മുസ്‌ലിംകള്‍ക്ക്‌ സമൂഹവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്‌ അവരുടെ വിശ്വാസപ്രമാണങ്ങളുമായി ഒറ്റപ്പെട്ട്‌ കഴിയാന്‍ സാധിക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെടാത്ത സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്‌പുകളിലെല്ലാം മുസ്‌ലിംകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്‌. പൊതുമണ്ഡലത്തിന്റെ നിര്‍ണായകമായ ഭാഗമായിട്ടാണ്‌ മുസ്‌ലിംകള്‍ നിലനില്‌ക്കേണ്ടത്‌.
ഈ പുസ്‌തകത്തിലെ ഏറ്റവുംശ്രദ്ധേയമായ ഒരധ്യായമാണ്‌ `മുസ്‌ലിം നവോത്ഥാനവും സ്‌ത്രീ ശാക്തീകരണവും'. നവോത്ഥാന കാലഘട്ടത്തിനു മുമ്പ്‌ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതം തികച്ചും പരിതാപകരമായിരുന്നു. സ്‌ത്രീകള്‍ക്ക്‌ മാറ്‌ മറയ്‌ക്കാനും വിദ്യാഭ്യാസം നേടാനും തൊഴില്‍ ചെയ്യാനും വേണ്ടിയുള്ള മുറവിളികള്‍ വിവിധ സമുദായങ്ങളിലെ പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ത്തിയിരുന്നു. കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ മതവിദ്യാഭ്യാസത്തിനപ്പുറം പൊതു വിദ്യാഭ്യാസത്തില്‍ നിന്നും പൂര്‍ണമായി അവ ഒഴിവാക്കപ്പെട്ടിരുന്നു. മക്തി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി, കെഎം സീതിസാഹിബ്‌, മൊയ്‌തു മൗലവി തുടങ്ങിയവര്‍ സ്‌ത്രീവിദ്യാഭ്യാസത്തെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍കരിക്കുകയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അത്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. വക്കം മൗലവിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്‌ത്രീശാക്തീകരണം പ്രധാന ലക്ഷ്യമായി സ്വീകരിച്ചിരുന്നു. തിരുവിതാകൂറിലെ തിരുവല്ലയില്‍ 1938ല്‍ എം ഹലീമാബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിതയെന്ന പ്രസിദ്ധീകരണമാരംഭിക്കുകയുണ്ടായി.
വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ന്ന നേട്ടങ്ങളുണ്ടാക്കാന്‍ അവസരം ലഭിച്ച സവര്‍ണ ജാതിക്കാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരു നേട്ടമാണ്‌ ഇവിടെ പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു മുസ്‌ലിംസ്‌ത്രീ കൈവരിച്ചത്‌. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു സാന്നിധ്യമാണ്‌ അത്‌. മുസ്‌ലിം വനിതയെന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമാബീവി തന്നെയായിരുന്നു. ഭാരത ചന്ദ്രിക എന്ന ഒരു വാരിക അവര്‍ പ്രസിദ്ധീകരിക്കുകയും അതില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ സബ്‌ എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അവരുടെ മറ്റൊരു പ്രസിദ്ധീകരണമാണ്‌ 1972ല്‍ പുറത്തിറങ്ങിയ ആധുനിക വനിത. അന്‍സാരി മാസികയില്‍ അവര്‍ പ്രസിദ്ധീകരിച്ച `സ്‌ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല'യെന്ന ലേഖനം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായി. ഹലീമാബീവിയുടെ അത്രയും പ്രശസ്‌തരല്ലെങ്കിലും മറ്റു ചില മുസ്‌ലിം സ്‌ത്രീകളും നവോത്ഥാന കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്‌. തലശ്ശേരിയിലെ ആഇശബീവി, ആഇശ മായിന്‍ തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പെടുന്നു.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പത്രസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഇന്ധനമായിരുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കാനാണ്‌ നവോത്ഥാന നായകന്മാര്‍ ശ്രമിച്ചത്‌. വക്കം മൗലവി, മക്തി തങ്ങള്‍, കെ എം മൗലവി എന്നിവരെല്ലാം ഈ മാര്‍ഗം അവലംബിച്ചവരാണ്‌.
നവോത്ഥാന പ്രവര്‍ത്തനത്തിന്‌ ഊര്‍ജം പകരാന്‍ വേണ്ടി നിരവധി സംഘടനകള്‍ തിരുവിതാംകൂറിലും മലബാറിലും രൂപീകരിക്കപ്പെട്ടു. മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂരിലാണ്‌ ആദ്യം ആരംഭിച്ചതെങ്കിലും അതിന്റെ പ്രതികരണം കേരളത്തിലെ മുസ്‌ലിം സമുദായത്തെ പൊതുവായി ബാധിക്കുകയുണ്ടായി. മലബാറിലെ വിവിധ ഭാഗങ്ങളിലും തിരുവിതാംകൂറില്‍ കൊല്ലം, ചിറയിന്‍കീഴ്‌, ഇടവ, വക്കം എന്നീ പ്രദേശങ്ങളിലും മുസ്‌ലിം സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയുമുണ്ടായി.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന വഴികളിലൂടെ സഞ്ചരിച്ചതിനു ശേഷം ഭാവിയില്‍ ഏതു വഴിയിലൂടെയാണ്‌ യാത്ര തുടരേണ്ടത്‌ എന്ന ഉള്‍ക്കാഴ്‌ചയും ഗ്രന്ഥകാരന്‍ അവസാനത്തെ അധ്യായത്തില്‍ നല്‌കാന്‍ ശ്രമിക്കുന്നു. ഇന്ന്‌ മുസ്‌ലിം സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാമൂഹിക പരിവര്‍ത്തന പ്രക്രിയയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി അദ്ദേഹം ഓര്‍മിപ്പിക്കുന്നു. വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ യാഥാര്‍ഥ്യബോധത്തോടു കൂടി സമീപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ശാസ്‌ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ മുസ്‌ലിംകള്‍ ഒരു കാലത്തും തുനിഞ്ഞിട്ടില്ല. അതോടൊപ്പം തന്നെ നവോത്ഥാനത്തിന്റെ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്ന യഥാര്‍ഥ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. മലബാറില്‍ ഇന്നും മുസ്‌ലിം ജനവിഭാഗങ്ങളുടെയിടയില്‍ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ നിലനില്‌ക്കുന്നുണ്ട്‌. സ്‌ത്രീവിദ്യാഭ്യാസം കാലഘട്ടത്തിന്‌ അനുയോജ്യമായ രീതിയില്‍ വ്യാപകമായിട്ടില്ല. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യം, ഉമ്മത്തിന്റെ ശാക്തീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശ്വാസപമായ കാര്യങ്ങളില്‍ ഇന്നും അനാചാരങ്ങളും ദുരാചാരങ്ങളും കൊടികുത്തി വാഴുന്ന പ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ട്‌. നാം ജീവിക്കുന്ന ബഹുസ്വര സമൂഹത്തില്‍ അതിന്നനുസരിച്ചുള്ള ജീവിതരീതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസപ്രമാണങ്ങളില്‍ വെള്ളംചേര്‍ക്കുന്ന സമീപനത്തിനെതിരെ ജാഗരൂകരാകേണ്ടതുണ്ട്‌. വിശ്വാസ മലിനീകരണം അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള പുരോഗതിയല്ല നമുക്കാവശ്യം. സമൂഹത്തില്‍ ഹൈടെക്‌ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അവയോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളും പ്രവര്‍ത്തനശൈലിയും കടന്നുകൂടുന്നത്‌ സ്വാഭാവികമാണ്‌. മദ്യവും മയക്കുമരുന്നും വസ്‌ത്രവിരോധവും മറ്റും യുവതലമുറയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളാണ്‌. ആധുനിക പുരോഗതിയുടെ സല്‍ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ അവയുടെ അപകടകരങ്ങളായ സ്വാധീനത്തില്‍ നിന്നുമുള്ള മോചനവും അനിവാര്യമാണ്‌.
ലോകത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തെ വിശകലനം ചെയ്‌തുകൊണ്ട്‌ ആധുനിക കാലഘട്ടത്തില്‍ അത്‌ എങ്ങനെ വിലയിരുത്തണമെന്ന്‌ സമര്‍ഥിക്കുന്നതില്‍ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഈ ഗ്രന്ഥരചനയിലൂടെ വിജയിച്ചിട്ടുണ്ട്‌. ഈ ആശയമാണ്‌ ഈ ഗ്രന്ഥത്തിന്റെ മൗലിക സന്ദേശമായി പരിഗണിക്കേണ്ടത്‌