Thursday, October 28, 2010

മഗാന്‍ ദേശത്തിന്റെ മണം





കവിത

സമകാലിക ഒമാനി കവിതകള്

എഡിറ്റര്‍: ഹിലാല്അല്ഹജ്രി
വിവ: വി കബീര്

പേജ്‌: 76 വില: 125
ഡി സി ബുക്സ്‌, കോട്ടയം



അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മലയാളക്കരയുമായി നാഭീനാള ബന്ധമുള്ള രാജ്യമാണ്‌
ഒമാന്‍. മലബാറില്‍ ഇസ്‌ലാം പ്രചരിക്കുന്നതിനു കാരണമായി എന്നു
പറയപ്പെടുന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയില്‍ നിന്ന്‌
വരുന്ന വഴിയില്‍ ഇപ്പോഴത്തെ ഒമാനിലെ സലാലയില്‍ വെച്ചു മരണപ്പെട്ടു എന്ന
ഐതിഹ്യം പ്രബലമാണ്‌. സലാലയില്‍ ചേരമാന്‍ പെരുമാളിന്റേത്‌ എന്ന്‌
കരുതപ്പെടുന്ന ഒരു ഖബറിടം ഇപ്പോഴുമുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ
ഖബറിടം, ഒമാനികള്‍ക്ക്‌ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ കൂടി
ഓര്‍മപ്പെടുത്തലാണ്‌.

അറബി ഭാഷയിലെ ആദ്യത്തെ സാഹിത്യരൂപം മറ്റു ഭാഷകളിലെന്നപോലെ
കവിതയായിരുന്നു. ഗോത്ര ജീവിതത്തിന്റെ ഭാവവര്‍ണങ്ങള്‍ പ്രാക്തന അറബ്‌
കാവ്യങ്ങളായി പിറന്നു. മരുപ്പച്ചകള്‍ തേടി മരുഭൂമിയില്‍ അലഞ്ഞ ബദുക്കള്‍,
ഒട്ടകത്തിന്റെ ചുവടുകള്‍ക്കൊപ്പിച്ച്‌ താളപ്പെടുത്തിയ ശബ്‌ദ വിന്യാസമാണ്‌
അറബിക്കവിതകളുടെ വൃത്തമായി രൂപാന്തരപ്പെട്ടതെന്ന്‌ അറേബ്യന്‍
സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. പ്രവാചകനു മുമ്പുതന്നെ അറേബ്യയില്‍
കവിത ശക്തമായ ഒരു വിനിമയ മാധ്യമമായിരുന്നു. ജാഹിലിയ്യ കവിതകള്‍
എന്നറിയപ്പെടുന്ന പ്രവാചക പൂര്‍വകാലത്തെ അറബിക്കവിതകളില്‍ തന്നെ മലബാറിലെ സുഗന്ധ വ്യഞ്‌ജനങ്ങളെക്കുറിച്ച്‌ സൂചനയുണ്ട്‌. അറേബ്യയും മലബാറും
തമ്മിലുള്ള സാംസ്‌കാരിക സമ്പര്‍ക്കത്തിന്റെ ആദിമ അടയാളങ്ങളാണവ. അറബ്‌
സാംസ്‌കാരിക ജീവിതവുമായി അതി പ്രാചീന ബന്ധമുള്ള മലയാളികള്‍,
പെട്രോഡോളറിന്റെ കണ്ടുപിടുത്തത്തിനു ശേഷം വ്യാപകമായി അങ്ങോട്ട്‌
ചേക്കേറുകയും ആ പ്രാചീനബന്ധം ദൃഢപ്പെടുത്തുകയും ചെയ്‌തു. ഇംഗ്ലിഷ്‌
കഴിഞ്ഞാല്‍ കൂടുതല്‍ മലയാളികള്‍ക്ക്‌ വശമുള്ള ഒരു ലോകഭാഷ അറബിയായത്‌ ആ
ബന്ധങ്ങളില്‍നിന്നാണ്‌. ഇത്തരത്തില്‍ സാംസ്‌കാരികമായി മലയാളികള്‍
അറബികളുമായി വേരു കോര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും, മലയാള സാഹിത്യമേഖല
അത്‌ ഇന്നും വേണ്ടവിധം പ്രതിഫലിപ്പിച്ചിട്ടില്ലെന്നത്‌, ഒരു
വസ്‌തുതയാണ്‌. ഖലീല്‍ ജിബ്രാന്റെയും മഹ്‌മൂദ്‌ ദര്‍വേശിന്റെയും മറ്റും
ചില രചനകള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത്‌
വിസ്‌മരിക്കുന്നില്ല. അതുപക്ഷെ, മൂലഭാഷയില്‍ നിന്നായിരുന്നില്ല;
ഇംഗ്ലിഷില്‍ നിന്നുള്ള പരിഭാഷയായിരുന്നു. അപവാദമായിപ്പറയുന്നത്‌ ഡോ.
ഷിഹാബ്‌ ഘാനിമിന്റെ `ആയിരത്തൊന്ന്‌ വാതിലുകള്‍ക്കു പിറകില്‍' എന്ന
സമാഹാരം മലയാളത്തില്‍ വന്നതുമാത്രമാണ്‌.

ഒമാനിലെ പ്രമുഖ കവിയായ ഹിലാല്‍ അല്‍ ഹജ്‌രി എഡിറ്റുചെയ്‌ത `സമകാലിക ഒമാനി കവിതകള്‍' വി എ കബീര്‍ പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ്‌
പ്രസിദ്ധീകരിച്ചത്‌ ഈ ഗണത്തിലെ പ്രശംസനീയമായ ഒരു കാല്‍വെപ്പാണ്‌.
പുസ്‌തകത്തിന്റെ ആമുഖമായി, പരിഭാഷകന്റെ ദീര്‍ഘമായ ഒരു പഠനം
ചേര്‍ത്തിരിക്കുന്നു. ഒമാനി കവിതകളിലേക്കുള്ള ഒരു പ്രവേശിക മാത്രമല്ല,
അറബ്‌ കാവ്യലോകത്തിലേക്കു തന്നെയുള്ള ഒരു വാതായനമാണ്‌ ഈ പഠനം. പ്രാക്തന
അറേബ്യയില്‍ കവിയുടെയും കവിതയുടെയും സ്ഥാനം, പ്രവാചകന്റെ വരവോടെ
അറബിക്കവിതയുടെ ലാവണ്യത്തിലും ദര്‍ശനത്തിലും സംഭവിച്ച മാറ്റങ്ങള്‍,
ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഭൂപടം ബാഗ്‌ദാദിലേക്കും ഡമാസ്‌കസിലേക്കും
ആന്തലൂഷ്യയിലേക്കുമൊക്കെ വികസിച്ചശേഷം കാല്‍പ്പനികതയിലുണ്ടായ നവ
പരീക്ഷണങ്ങള്‍, കൊളോണിയലിസത്തിനുശേഷം ആധുനികതാ പ്രസ്ഥാനത്തിന്റെ
സ്വാധീനഫലമായി അറബ്‌ ഭാവുകത്വത്തില്‍ വന്നുചേര്‍ന്ന പരിണാമങ്ങള്‍
തുടങ്ങി, അറബിക്കവിതയുടെ ചരിത്രം സമഗ്രമായി സ്‌പര്‍ശിക്കുന്ന ആമുഖം
സാഹിത്യവിദ്യാര്‍ഥികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഒമാന്‍ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും രാഷ്‌ട്രീയവും
സാംസ്‌കാരികവുമായ ചില വ്യതിരിക്തതകള്‍ സൂക്ഷിക്കുമ്പോഴും അറബിഭാഷയുടെ
സമ്പന്നമായ പൈതൃകം അവരും പങ്കിടുന്നു. ആദിമ അറബിക്കവിതകളുടെ ഗോത്രവീര്യം
ഒമാനിക്കവിതകളും കൈവിടുന്നില്ല. അറേബ്യന്‍ നാടോടി ജീവിതത്തിന്റെ
ഉര്‍വ്വരതയും ഊഷ്‌മളതയും ഒമാന്‍ കവിതകള്‍ ഏറ്റുവാങ്ങുന്നുണ്ട്‌.
ക്രിസ്‌തുവിന്‌ 2300 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മഗാന്‍ എന്നൊരു
രാജ്യമുണ്ടായിരുന്നതായി ബാബിലോണിയന്‍ പുരാവൃത്തങ്ങളിലുണ്ട്‌. ആ മഹാനാണ്‌
ഇന്നത്തെ ഒമാന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഒമാന്‍ കാവ്യബിംബങ്ങളില്‍
മഗാന്റെ നഷ്‌ടസ്‌മൃതികള്‍ പറ്റിപ്പിടിച്ചിട്ടുള്ളതായി കാണാം. ഈ
സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള നാസിര്‍ അല്‍ ബദരിയുടെ കവിതയില്‍ `മഗാന്‍
ദേശം/പുരാതനമായ അപഹൃതനാമം/വീണ്ടെടുത്തോ നമ്മുടെ കാല്‍പ്പാടുകള്‍?/
കടല്‍പാവകളെപ്പോലെ സമുദ്രയാനം പുനരാരംഭിക്കുമോ?' എന്ന്‌
ചോദിക്കുന്നുണ്ട്‌.

അബീസീനിയയും റുബ്‌ഉല്‍ഖാലിയും പ്രവാചക വഴികളും കാരക്കത്തോട്ടങ്ങളും
കഴുകനും കടലും ഒട്ടകവവും അതിരില്ലാത്ത മരുഭൂമിയുമെല്ലാം ചേര്‍ന്നു
സൃഷ്‌ടിക്കുന്ന സ്ഥലജല വിഭ്രമമാണ്‌ ഒമാനി കവിത എന്ന്‌ ഈ സമാഹാരം പറഞ്ഞു
തരുന്നു. `ജിന്നു ബാധിച്ച കോഴിയെ, പോലെ നിന്റെ കണ്‍മുമ്പില്‍/
നൃത്തമാടുന്ന വാക്കുകള്‍' എന്ന്‌ സൈഫ്‌ അല്‍ അറബി വര്‍ണിക്കുന്നത്‌
അതാണ്‌. എന്റെ ചുണ്ടില്‍/ ഇപ്പോഴും തുണ്ടുകള്‍ അവശേഷിക്കുന്ന ആ
വാക്കുകള്‍ ഏതായിരുന്നു.?/ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു? ആ ദൃശ്യത്തിന്റെ
വിശദാംശങ്ങള്‍; സ്‌ത്രീകളായിരുന്നില്ല അവര്‍/ ഞാന്‍ പ്രണയഗീതം
ആലപിച്ചിട്ടുമില്ല/ ഖയ്യാമിന്റെ ചതുഷ്‌പദികളില്‍ തുപ്പുക മാത്രമായിരുന്നു
ഞാന്‍(തലവേദന -ഹിലാല്‍ അല്‍ ഹജ്‌രി) 
`ബാബിലോണിയക്ക്‌ തെരുവുകളെ രക്തമൂട്ടുന്ന ഒരു മിന്നൊളിയുണ്ട്‌/മേഘഗര്‍ജനത്തില്‍ നിന്നു വെള്ളത്തെ നീക്കം ചെയ്യുന്നു കവിത'(പ്രവചനം).ബദ്‌രിയ്യ അല്‍ വഹ്‌ബിയിലും മഗാന്‍ പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ കത്തുന്നുണ്ട്‌.

ഒരു ഡസന്‍ കവികളുടെ ഇരുപത്തഞ്ചു കവിതകളാണ്‌ ഈ സമാഹാരത്തില്‍. കവിതകള്‍ എല്ലാം മികച്ചതാണെന്ന്‌ വിധിയെഴുതുന്നത്‌ അമിതോക്തിയാകും. എന്നാല്‍,
കവിതാസ്വാദകരെ ആഹ്ലാദിപ്പിക്കുന്ന ചില കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌.
അറബി വാക്കുകളുടെ ആത്മാവില്‍ നിന്നുതന്നെ വാക്കുകള്‍ പറിച്ചെടുത്താണ്‌ ഈ
കവിതകള്‍ മലയാളത്തിലേക്കു പറിച്ചുനട്ടതെന്ന്‌ ന്യായമായും
വിശേഷിപ്പിക്കാം. `സമകാലിക ഒമാനി കവിതകള്‍ക്ക്‌' അനുബന്ധമായി ഷാജഹാന്‍
മാടമ്പാട്ട്‌, കവി സാഹിര്‍ അല്‍ ഗാഫ്‌രിയുമായി സംവദിച്ചു തയ്യാറാക്കിയ
പഠനം ചേര്‍ത്തത്‌ ഉചിതമായിരിക്കുന്നു. ആധുനിക, പാശ്ചാത്യ സാഹിത്യ
സമീപനങ്ങളും അറേബ്യന്‍ പാരമ്പര്യങ്ങളും ഇഴചേരുന്ന ഒരു നവഭാവുകത്വം ഒമാന്‍
കവിതകള്‍ക്ക്‌ പുതുജീവന്‍ നല്‌കുന്നുണ്ട്‌. ഒരു ഒമാന്‍ കവി എന്ന നിലയില്‍
ഗാഫ്‌രിയുടെ അനുഭവലോകത്തിലേക്ക്‌ വായനക്കാരനെയും കൂട്ടി നടക്കുകയാണ്‌
ഷാജഹാന്‍. കവിതാസ്വാദനത്തോടൊപ്പം, സമകാലിക ഒമാനി കവിതകളുടെ വിമര്‍ശനം കൂടിയാണ്‌ ഈ കാവ്യസമാഹാരമെന്ന്‌ പറയാം.

No comments: