Thursday, November 11, 2010

അദ്രമാനും അന്‍വറും:മുസ്ലിം പ്രതിനിധാനം വയലാര്‍ മുതല്‍ അമല്‍ നീരദ് വരെ



``വളര്‍ന്ന വെള്ളിക്കൊമ്പന്‍-
മീശകള്‍ കവിളിന്മേല്‍
വകഞ്ഞി-ട്ടതിലൊക്കെ
മുറുക്കാന്‍ പതയുമായ്‌,
മുഖത്തു മസൂരിക്കു-
ത്തുഗ്രമാം വൈരൂപ്യത്തിന്‍
മുഴുപ്പെത്തിയതാണോ
മാംസവില്‌പനക്കാരന്‍?''


`ഭീകര'നായ ഒരു അറവുകാരന്റെ മുഖവൈരൂപ്യം ഇതിലപ്പുറം കൃത്യതയോടെ ആര്‍ക്കും
വരയ്‌ക്കാന്‍ കഴിയില്ല. മലയാളത്തിന്റെ പാട്ടുകാരന്‍, വയലാര്‍ രാമവര്‍മ
1953 ല്‍ എഴുതിയ ആയിഷ എന്ന കാവ്യത്തില്‍ നിന്നുള്ളതാണ്‌ ഈ വരികള്‍.
വയലാര്‍ ഒരിക്കലും ഒരു മതവര്‍ഗീയവാദിയോ പക്ഷപാതിയോ ആയിരുന്നെന്ന്‌
മലയാളികളാരും പറയില്ല. ഉയര്‍ന്ന മാനവികതയായിരുന്നല്ലോ അദ്ദേഹത്തിന്റെ
മതം. എന്നാല്‍ ആയിഷ എന്ന അദ്ദേഹത്തിന്റെ കാവ്യശില്‌പം നാമിന്ന്‌
വായിക്കുമ്പോള്‍ അമ്പരന്നു പോകും. അദ്ദേഹം തന്നെ ഈ കൃതിയെ
പരിചയപ്പെടുത്തുന്നത്‌


``വേദന വിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണീ കഥ'' 
എന്നാണ്‌. മുകളില്‍ ഉദ്ധരിച്ച വരികളില്‍ വര്‍ണിക്കുന്ന ഇറച്ചിവെട്ടുകാരനായ അദ്രമാന്‍  

തന്റെ പൊന്നോമന മകളെ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, ആറു ഭാര്യമാരെ നിക്കാഹു ചെയ്‌ത്‌ മൊഴി
ചൊല്ലിയ വൃദ്ധന്‌ നിര്‍ബന്ധിച്ച്‌ കെട്ടിച്ചു കൊടുക്കുന്നതാണ്‌
`ആയിഷ'യുടെ ഇതിവൃത്തം.  

മലബാര്‍ കലാപത്തിന്റെ ശേഷം മലയാള സാഹിത്യത്തില്‍

കടന്നുവരുന്ന മുസ്‌ലിം പ്രതിനിധാനം വയലാറും അങ്ങനെ തന്നെ
അവതരിപ്പിക്കുകയാണ്‌ ഇവിടെയും. ഇറച്ചിവെട്ട്‌ (ക്രൂരത, ഭീകരത), ശൈശവ
വിവാഹം, തോന്നിയപോലെ പെണ്ണുകെട്ട്‌, സ്‌ത്രീവിരുദ്ധത... ഇത്തരം
ചേരുവകളില്ലാതെ ഒരു `മുസ്‌ലിം കഥ' പണ്ടു മുതല്‍ തന്നെ അസാധ്യമായിരുന്നു!
പഴയ കാല മലയാള നാടകങ്ങളും ചലചിത്രങ്ങളും മിക്കവാറും മുസ്‌ലിമിനെ
അടയാളപ്പെടുത്തിയത്‌ ഇതേ മാതൃകയിലാണ്‌.


വയലാര്‍ ചിത്രീകരിച്ച അദ്രമാനെ ഇന്നത്തെ കാലത്ത്‌ എങ്ങനെയാണ്‌
വരയ്‌ക്കേണ്ടത്‌? അധികം മാറ്റമൊന്നും വേണ്ട. തുള വീണ കഞ്ഞിപ്രാക്കും
അരപ്പട്ടയും മുഖത്തെ മസൂരിക്കലയും മുറുക്കാന്‍ പതയും മാറ്റി, പകരം
തലയില്‍ ഒരു കഫിയ്യ അണിയിക്കണം. താടി നിര്‍ബന്ധം. പ്രായം മുപ്പതില്‍
കൂടാന്‍ പാടില്ല. പൈജാമ ഇടുവിക്കണം. ഇത്രയുമായാല്‍ പുതിയ കാല മുസ്‌ലിം
പ്രതിനിധാനമായി. പേര്‌ അദ്രമാന്‍ മാറ്റി `അന്‍വര്‍' എന്നുകൂടിയാക്കിയാല്‍
ഭേഷായി!


അമല്‍ നീരജ്‌ സംവിധാനം ചെയ്‌ത `അന്‍വര്‍' എന്ന മലയാള സിനിമ ഇപ്പോള്‍ ഏറെ
വിവാദമായിരിക്കുന്നു. സത്യത്തില്‍ ആയിഷയുടെ അനുസ്യൂതി തന്നയെല്ലേ
`അന്‍വറും'? ഇറച്ചി വെട്ടുകാരനെ അധോലോക നായകനും മാഫിയാ തലവനുമാക്കി
`പരിഷ്‌കരിച്ച' അമല്‍ നീരദിനോട്‌ നമുക്ക്‌ നന്ദി പറയാം! ഭീകരവാദം, അധോലോക
വ്യാപാരം, സ്‌ത്രീവിരുദ്ധത, ഹിംസ, രാജ്യദ്രോഹം മുതലായ പ്രവണതകള്‍ ഒരു
മുസ്‌ലിം പ്രതിനിധാനത്തിന്റെ ജനിതക `ഗുണ'മാണെന്ന്‌ ആവര്‍ത്തിക്കുകയാണ്‌
നീരദും.


പാശ്ചാത്യ അധനിവേശ ശക്തികള്‍ പ്രചരിപ്പിച്ച, കുരിശുയുദ്ധപ്രഭുക്കളും
ഓറിയന്റലിസ്റ്റുകളും നിറം തേച്ച മുസ്‌ലിം വിരുദ്ധ പൊതുബോധം ഇന്നും
ഏറ്റവും മാരകമായി തന്നെ ലോകത്തു പടരുകയാണ്‌. അതിന്റെ ഭൂമികയില്‍
നിന്നാണ്‌ `അന്‍വറും' പിറക്കുന്നത്‌. സത്‌പംബര്‍ 11 നു ശേഷം ഹോളിവുഡ്‌
സിനിമകളിലും ബോംബെ കലാപത്തിനു ശേഷം ബോളിവുഡിലും പകര്‍ന്നാടിയ നിരവധി
ചലച്ചിത്രങ്ങള്‍ `ഇസ്‌ലാമിക ഭീകരത' ആവിഷ്‌കരിച്ചത്‌ ക്യാമറയുടെ കൃത്യമായ
ഒരു വ്യാകരണത്തിലൂടെയാണ്‌. `ട്രെയിറ്റര്‍' എന്ന ഹോളിവുഡ്‌ സിനിമ (2008),
ആയുധക്കച്ചവടത്തിന്റെയും ഭീകര കൃത്യങ്ങളുടെയും മൊത്തച്ചുമതല
മുസ്‌ലിംകളില്‍ കെട്ടിവെച്ച്‌ കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു.
അറബി ഭാഷയും ഇസ്‌ലാമിക ബിംബങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെ സമര്‍ഥമായി
ഉപയോഗിച്ച്‌ `ഇസ്‌ലാമിക ഭീകരത'യുടെ ഭയാനകത പെരുപ്പിക്കുകയാണ്‌ അത്‌
ചെയ്‌തത്‌. അമല്‍ നീരദ്‌, `ട്രെയിറ്റര്‍' സീനോടു സീന്‍
കോപ്പിയടിച്ചാണത്രെ `അന്‍വര്‍' നിര്‍മിച്ചിരിക്കുന്നത്‌. ശിരോവസ്‌ത്രം
ചുറ്റിയ, പൈജാമ ധരിച്ച താടിക്കാരന്‍ ചെറുപ്പക്കാരന്റെ ചിത്രം ആലേഖനം
ചെയ്‌ത `അന്‍വറിന്റെ' പോസ്റ്ററുകള്‍ ഓരോ നിമഷവും ഓര്‍മിപ്പിക്കുന്നത്‌
`ഇസ്‌ലാംഭീകരത'യെ അല്ലെങ്കില്‍ മറ്റെന്താണ്‌?

1 comment:

ഐക്കരപ്പടിയന്‍ said...

സിനിമകളും ദൃശ്യ ശ്ര്യാവ്യ മാധ്യമങ്ങളും ഇന്ന് മുസ്ലിമിന്‍റെ പിറകില്‍ വെച്ച് പിടിക്കയാണ്. അതിനവര്‍ക്കൊരു ബിന്‍ ലാദിന്‍ തരപ്പെട്ടു കിട്ടുകയും ചെയ്തു. ഇത് വഴി, ഇസ്ലാം എന്ന ദൈവിക മതത്തിന്റെ അജയ്യതയെ നേരിട്ടെതിര്‍ക്കാനുള്ള ബുദ്ധിമുട്ട് അവര്‍ ഇങ്ങനെ തീര്‍ക്കുകയാണ്. ഇസ്ലാമിക പ്രബോധനത്തിന് പ്രമാണ ബദ്ധമായി കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ കള്ളവും ഊതി വീര്‍പ്പിച്ചതുമായ അസത്യങ്ങള്‍ വിളമ്പുകയാണ്‌. അന്‍വര്‍ തുടര്‍ച്ച മാത്രം....